ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍; കൊച്ചിയില്‍ ഹോട്ടലിനെതിരെ കേസ്, മാനേജര്‍ അറസ്റ്റില്‍

 | 
Bar

കൊച്ചിയില്‍ ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകളെ നിയോഗിച്ച ഹോട്ടലിനെതിരെ കേസെടുത്തു. കൊച്ചി ഷിപ്പ് യാര്‍ഡ് ഫളൈ ഹൈ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജര്‍ അറസ്റ്റിലായിട്ടുണ്ട്. അബ്കാരി ചട്ടം ലംഘിച്ചതിനാണ് കേസ്. ബാറുകളില്‍ സ്ത്രീകളെ മദ്യം വിളമ്പാന്‍ ഉപയോഗിക്കരുതെന്നാണ് സംസ്ഥാനത്തെ എക്‌സൈസ് ചട്ടം. 

ഇത് ലംഘിച്ചതിനാണ് കേസ്. ഹോട്ടലിലെ സ്‌റ്റോക്ക് രജിസ്റ്ററിലടക്കം നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ വ്യൂ എന്ന പേരില്‍ നിലവിലുണ്ടായിരുന്ന ഹോട്ടല്‍ കഴിഞ്ഞ ദിവസം മുതലാണ് പുതിയ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വിദേശ വനിതകളെയായിരുന്നു മദ്യം വിളമ്പാന്‍ നിയോഗിച്ചിരുന്നത്. 

മദ്യവിതരണത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന ഹൈക്കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശ വനിതകളെ നിയോഗിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ വാദിച്ചു. എന്നാല്‍ ഈ വിധി തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് മാത്രമാണ് ബാധകമെന്ന് വ്യക്തമാക്കിക്കൊണ്ട് എക്‌സൈസ് നടപടിയെടുക്കുകയായിരുന്നു.