മുത്തച്ഛനെ കൊല്ലാൻ 13കാരിയുടെ ക്വട്ടേഷൻ
കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതിനാൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. കൊല്ലത്തെ പഠനകാലത്ത് പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കൾക്കും വീട്ടിലേക്കുള്ള വഴി കാട്ടികൊടുത്തത് പെൺകുട്ടിയാണ്. വീടിനുള്ളിലേക്ക് കയറി മുത്തച്ഛനെ കൊല്ലാനുള്ള എളുപ്പ വഴിയും പറഞ്ഞു കൊടുത്തു.
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി; മോഷണം ഐഫോണും ബൈക്കും വാങ്ങാൻ?
കൃത്യം നടന്ന സമയത്ത് പെൺകുട്ടി വീട്ടിലില്ലായിരുന്നു. ഇക്കാര്യം പൊലീസ് ശ്രദ്ധിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പെൺകുട്ടി പറഞ്ഞത്. വീട്ടിലെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ, വീടുമായി അടുപ്പമുള്ള ആരോ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഊഹിച്ചു. മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്കെതിരായ തെളിവുകൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം വിറ്റു കിട്ടുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായിരുന്നു പദ്ധതി.
മുത്തച്ഛൻ ഞായറാഴ്ച തനിച്ചായിരിക്കുമെന്ന് പെൺകുട്ടി ഫോൺ വിളിച്ച് കാമുകനെ അറിയിച്ചിരുന്നു. തുടർന്ന്, കാമുകനും കൂട്ടുകാരും ട്രെയിനിൽ ഹരിപ്പാടെത്തി. പെൺകുട്ടി ഫോണിലൂടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റിന്റെ ഭാഗം പൊട്ടിച്ച് അകത്തു കയറാൻ പെൺകുട്ടി നിർദേശിച്ചു. സ്വർണം ഇരിക്കുന്ന സ്ഥലവും പറഞ്ഞു കൊടുത്തു. വീട്ടിലെ കിടക്കവിരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ചാണ് ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വിഡിയോ കോളിലൂടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചു. സ്ഥലത്തുനിന്ന് കടന്ന പ്രതികളെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
