യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം; ദീപകിന്റെ മരണത്തിൽ പരാതിയുമായി കുടുംബം
ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറുമെന്ന് ദീപകിന്റെ കുടുംബം പറഞ്ഞു.
ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസ് ആയിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഇത് മനപ്പൂർവ്വം ചെയ്തതാണ്. യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബസിൽവെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു സാമൂഹിക മാധ്യമത്തിൽ യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി പുറത്തുവിട്ട വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു.
ദീപകിന്റെ മരണത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. ആദ്യ വീഡിയോയ്ക്ക് പിന്നാലെ രണ്ടാം വീഡിയോ യുവതി നീക്കംചെയ്തിട്ടുണ്ട്. അതേസമയം, ബസിൽനിന്ന് യുവതി പകർത്തിയ വീഡിയോ ഇപ്പോഴും അക്കൗണ്ടിൽ ഉണ്ട്.

