ട്രംപിന്റെ തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് യു.എസ് കോടതി
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് വിധിയുമായി യു.എസ് കോടതി. ഫെഡറൽ അപ്പീൽ കോടതിയുടേതാണ് വിധി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി ഉത്തരവ്.
നേരത്തെ ഡോണാൾഡ് ട്രംപിന് അനിനിയന്ത്രിതമായി തീരുവ ചുമത്താൻ അധികാരമില്ലെന്ന് കീഴ്കോടതി വിധിച്ചിരുന്നു. തുടർന്ന് ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്റെ വ്യാപാരനയങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് അപ്പീൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ്.
1970ലെ നിയമത്തെ കൂട്ടുപിടിച്ചാണ് ഡോണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നത്. എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടികളെല്ലാം. എന്നാൽ, വിവിധ രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ മാത്രമാണ് ഈ നിയമം ഉപയോഗിക്കാൻ കഴിയുക എന്നാണ് വിലയിരുത്തൽ.
അതേസമയം, നിലവിലുള്ള താരിഫുകൾ ഒഴിവാക്കിയാൽ അത് സമ്പദ്‍വ്യവസ്ഥയിൽ വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചു. യു.എസ് കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ വിവിധ രാജ്യങ്ങളുമായി യു.എസ് ഉണ്ടാക്കിയ കരാറുകളുടെ ഭാവിയിൽ ആശങ്കപ്രകടിപ്പിച്ചിരുന്നു. ഇതിൽ യുറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിന്റെ ഭാവി സംബന്ധിച്ചാണ് അവർ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.
