കൈയിൽ അരിവാളും തലയിൽ കെട്ടും; കർഷകനായി നെല്ല് കൊയ്ത് രാഹുൽ ഗാന്ധി

 | 
rahulgandhi

റായ്പൂർ: ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തിൽ നെൽകർഷകനായി രാഹുൽ ഗാന്ധി. കൈയിൽ അരിവാളും തലയിൽ കെട്ടുമായി നെൽവയലിൽ രാഹുൽ കർഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു. വിളവെടുക്കാനാണ് രാഹുൽ വയലിൽ ഇറങ്ങിയത്. ഞായറാഴ്ചയാണ് രാഹുൽ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സമൂഹ മാധ്യമമായ എക്സില്‍ ആണ് കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ രാഹുൽ പങ്കുവെച്ചത്.

ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ കർഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുൽ പറഞ്ഞു. വായ്പ എഴുതിത്തള്ളലും സബ്‌സിഡിയും ഉൾപ്പെടെ കർഷകർക്കായുള്ള ഛത്തീസ്ഗഡ് സർക്കാരിൻറെ അഞ്ച് പദ്ധതികൾ രാഹുൽ വിശദീകരിച്ചു. 

“കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കർഷകർക്കായി കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്‍റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23,000 കോടി രൂപയുടെ സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബിൽ പകുതിയാക്കി. 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം ഭൂപേഷ് ബാഗേൽ സർക്കാർ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങൾ ആവർത്തിക്കാന്‍ പോകുന്ന മാതൃകയാണിത്” എന്നിങ്ങനെ രാഹുൽ എക്‌സിൽ കുറിച്ചു.