അഭിജീത് ദീപ്കെക്ക് ടൈഫോയ്ഡ്; സമരം തുടരുമെന്ന് സിജെപി
കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ചികിത്സയിലാണ് അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ വിദ്യാർഥികളുടെ സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. രാജ്യത്തുടനീളം സമരത്തിന് പിന്തുണയുമായി ഇറങ്ങിയവർക്ക് നന്ദിയുണ്ടെന്നും സമരം വലിയ വിജയമാണെന്നും രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പി പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാറുമായി ഉച്ചകഴിഞ്ഞ് 3.30ന് നടത്തുന്ന മൂന്നാംഘട്ട ചർച്ച നിർണായകമാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനിടെയാണ് ചർച്ചക്ക് കളമൊരുങ്ങുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചർച്ച രണ്ട് മണിക്കൂർ നേരം നീണ്ടു.
