മിസ് കേരള വിജയികളുടെ അപകട മരണം; ഹോട്ടലിലെ പാര്‍ട്ടിയില്‍ എക്‌സൈസ് അന്വേഷണം

 | 
Roy J Vayalat

മിസ് കേരള അന്‍സി കബീര്‍ റണ്ണര്‍ അപ് അന്‍ജന ഷാജന്‍ എന്നിവര്‍ കൊല്ലപ്പെട്ട അപകടത്തോട് അനുബന്ധിച്ച് എക്‌സൈസും അന്വേഷണത്തിന്. ഒക്ടോബര്‍ 31ന് ഹോട്ടലില്‍ നടത്തിയ പാര്‍ട്ടി സംബന്ധിച്ചാണ് അന്വേഷണം. മട്ടാഞ്ചേരി എക്സൈസ് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഒക്ടോബര്‍ 31ന് രാത്രി വൈകിയും ഹോട്ടലില്‍ മദ്യം വിളമ്പിയതായി കണ്ടെത്തി.

ഈ രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് മോഡലുകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. രാത്രി 9 മണിക്ക് ശേഷം മദ്യം വിളമ്പിയ സംഭവത്തില്‍ പിഴയീടാക്കാനായിരുന്നു എക്‌സൈസ് അന്വേഷണ സംഘം ആദ്യം നിര്‍ദേശം നല്‍കിയതെങ്കിലും പിന്നീട് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണറേറ്റിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്.

ഹോട്ടലുടമ റോയി വയലാട്ടിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡിവിആര്‍ ഇയാള്‍ ഹാജരാക്കിയിരുന്നു. മറ്റൊരു ഡിവിആര്‍ കൂടിയുണ്ടെന്നും അതുകൂടി ഹാജരാക്കണമെന്നും പോലീസ് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല.

ഹോട്ടലിലെ ദൃശ്യങ്ങള്‍ ആകെ മൂന്ന് ഡി.വി.ആറുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇതില്‍ കൃത്രിമം കാണിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍തന്നെ ഫൊറന്‍സിക്, സൈബര്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും.