കൊച്ചിയിലെ മോഡലുകളുടെ അപകട മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊച്ചിയില്‍ മിസ് കേരള ജേതാക്കള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. നിലവില്‍ സൗത്ത് എസിപിയുടെ നേതൃത്വത്തില്‍ കെ.അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷം പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഒളിവില്‍ പോയതായി പോലീസ് കരുതുന്നു. പാര്‍ട്ടിക്ക് പങ്കെടുത്തവരുടെയും ഹോട്ടലില്‍ മുറിയെടുത്തവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തെളിവു നശിപ്പിച്ചെന്ന കുറ്റത്തിന് ഹോട്ടലുടമ റോയ് വയലാട്ടിനെയും 5 ജീവനക്കാരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് റോയ് വയലാട്ടിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറുകള്‍ റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ എറിഞ്ഞതായി ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.