മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ അപകട മരണം; ഔഡി കാര്‍ പിന്തുടര്‍ന്നെന്ന് ഡ്രൈവര്‍

 | 
Accident

മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിന് കാരണമായ അപകടത്തില്‍ വെളിപ്പെടുത്തലുമായി ഡ്രൈവര്‍. പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ പോലീസിന് മൊഴി നല്‍കി. അമിത വേഗത്തില്‍ പോകാനും അപകടമുണ്ടാകാനും കാരണം ഇതാണെന്നാണ് ഡ്രൈവറുടെ മൊഴി. അബ്ദുള്‍ റഹ്‌മാന് എതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ിയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഒരു കാര്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അപകടത്തിന് ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയിയാണ് ഇതെന്ന് പോലീസ് കരുതുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ തേടിയെങ്കിലും ആ ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി വ്യക്തമായിരുന്നു.

പിന്തുടര്‍ന്ന കാറില്‍ റോയിയും ഡ്രൈവറും മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. അതേസമയം അപകടത്തില്‍ പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അതു പറയാനാണ് പിന്തുടര്‍ന്നതെന്നുമാണ് റോയിയുടെ ഡ്രൈവര്‍ മെല്‍വിന്‍ നല്‍കിയ മൊഴി.