എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും വന്നുകൊണ്ടിരിക്കുന്നു; ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

 | 
Bhaama

സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് ആരോപണങ്ങളും കെട്ടുകഥകളും വന്നുകൊണ്ടിരിക്കുകയാണെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നതായും ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ യുവനടി ആത്മഹത്യാശ്രമം നടത്തി ചികിത്സയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഈ നടി ഭാമയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാമയുടെ ഇന്‍സ്റ്റഗ്രാം വിശദീകരണം. യുവനടിയുടെ ആത്മഹത്യാശ്രമത്തിന് കേസുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിച്ചിരുന്നു. പ്രസവ ശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനാണ് കാരണമെന്നായിരുന്നു വിശദീകരണം.

അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശനിലയിലായ നടിയെ ചൊവ്വാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഗുളികയുടെ ഡോസ് കൂടിപ്പോയതാണ് കാരണമെന്നും നടി പറഞ്ഞതായും പിന്നീട് പോലീസ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് വായിക്കാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ... ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.