പോലീസിലെ അഴിമതികൾക്കെതിരെ നടപടി തുടരും; പ്രവർത്തനം മെച്ചപ്പെടുത്തണം, കേരളാ പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കേരളാ പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പോലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം. ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പോലീസ് സ്റ്റേഷൻ മാറണം. തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം എന്നു മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കർശന നിർദേശം നൽകിയത്.
ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ല തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേഖല യോഗത്തിൽ നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതി ദാരിദ്ര്യവിഭാഗത്തിൽപ്പെട്ടവർ എങ്ങനെ ലൈഫ് പട്ടികയിൽ പെടാതെ പോയി എന്നത് പരിശോധിച്ച് അവരെ ഉൾപ്പെടുത്താൻ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. അതിദരിദ്രരെ ഇ.പി കാർഡ് ഉപയോഗിച്ച് ലൈഫ് പദ്ധതിയിൽ ചേർക്കാമെന്നും മന്ത്രി നിർദേശിച്ചു.