അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾക്കെതിരെ നടപടി

 | 
loan app


അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവർത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലെന്നും കണ്ടെത്തൽ.


നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാന പൊലീസ് കാര്യക്ഷമമായ നടപടിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോൺ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികൾ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം സജ്ജമാക്കിയിരുന്നു.

പൊലീസിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ആദ്യദിവസം തന്നെ പരാതി പ്രവാഹമായിരുന്നു. 628 പരാതി സന്ദേശങ്ങളാണ് ആദ്യ ദിവസം ലഭിച്ചത്. ലോൺ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് ഈ വർഷം 1427 പരാതിക്കാരാണ് പൊലീസിന്റെ സഹായം തേടിയെത്തിയത്. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്.