ദീപയുടെ സമരത്തില്‍ നടപടി; നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

 | 
Deepa

ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി. മോഹനന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ നടപടി. നാനോ സെന്റര്‍ ഡയറക്ടറായ നന്ദകുമാര്‍ കളരിക്കലിനെ എംംജി സര്‍വകലാശാല മാറ്റി. വൈസ് ചാന്‍സലര്‍ സാബു തോമസിനാണ് പകരം ചുമതല. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നന്ദകുമാര്‍ കളരിക്കലിനെ മാറ്റാതിരിക്കാന്‍ കാരണമെന്താണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി സര്‍വകലാശാലയോട് ചോദിച്ചിരുന്നു.

നന്ദകുമാര്‍ വിദേശത്ത് ആയതിനാലാണ് ചുമതലയില്‍ നിന്ന് മാറ്റിയത് എന്നാണ് വിശദീകരണം. ദീപയുടെ നിരാഹാര സമരം 9-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രശനം വഷളാകുന്നതിന് മുന്‍പായി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ടെന്നും വ്യക്തിപരമായും ആകുലതയുണ്ട് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയത്തില്‍ ഉറപ്പ് മാത്രം പോരാ, നന്ദകുമാറിനെ ചുമതലയില്‍ നിന്ന് നീക്കണമെന്നായിരുന്നു ദീപ വ്യക്തമാക്കിയത്.