വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും; വിദ്യാഭ്യാസമന്ത്രി

 | 
V Sivankutty

സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിക്കേണ്ടെന്നാണ് മാര്‍ഗ്ഗരേഖ. ഇത് കര്‍ശനമായി നടപ്പാക്കും. അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് നേരത്തേ ജാഗ്രത പുലര്‍ത്തിയതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 5000ഓളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മതപരവും ആരോഗ്യപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വാക്‌സിന്‍ എടുക്കാത്തതെന്നാണ് വിവരം.