നടൻ മമ്മൂട്ടിക്ക് ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്; മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി

 | 
mammootty

മലയാളത്തിന്റെ മെഗാസ്റ്റാർ  മമ്മൂട്ടിക്ക് ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉത്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ നടന്നു.

ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു.

ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’.ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു.

ഓസ്ട്രേലിയയിലെ നിരവധി എം.പി മാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.