നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി ​​​​​​​

 | 
dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസിൽ അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. 

ഹൈക്കോടതി സിംഗിൾ ജഡ്ജിന്റേതാണ് ഉത്തരവ്. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റേയോ മറ്റ് ഏജൻസികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതിയുടെ നിർദേശം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാർഡ് ഒരു വിവോ മൊബൈൽഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.