ആത്മഹത്യാശ്രമം നടത്തിയ നടി ഒന്നരക്കോടി കൈപ്പറ്റി? ഇടനില നിന്നത് രാഷ്ട്രീയക്കാരനായ സൂപ്പര്‍താരമെന്ന് സൂചന, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

 | 
Depression

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി വിവാദ നടനില്‍ നിന്ന് ഒന്നരക്കോടി രൂപ വാങ്ങിയതായി സൂചന. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായിരുന്ന ഈ നടി വിചാരണക്കിടെ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഇവര്‍ കൂറുമാറിയത് മലയാള സിനിമാ ലോകത്തെ പോലും ഞെട്ടിച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ചാണ് നടി പണം വാങ്ങിയതെന്നാണ് വിവരം. മലയാളത്തിലെ രാഷ്ട്രീയക്കാരനായ പ്രമുഖ സൂപ്പര്‍താരം ഇടനില നിന്നാണ് പണം നടി അക്കൗണ്ടില്‍ വാങ്ങിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സൂപ്പര്‍താരത്തിന്റെ ഇടനിലയില്‍ ലഭിച്ച പണം നടിയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലൂടെയാണ് വാങ്ങിയതെന്നാണ് സൂചന. പോലീസ് പുതിയ നീക്കം ആരംഭിച്ചതോടെ അന്വേഷണം ഭയന്ന് ഭര്‍ത്താവിന്റെ കുടുംബം സമ്മര്‍ദ്ദം ചെലുത്തിയതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ഇവരെ നിരീക്ഷിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിതമായി ഉറക്കഗുളിക കഴിച്ച് നടിയുടെ ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.

നടിയുടെ ആത്മഹത്യാശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നതെങ്കിലും കേസിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. പ്രസവശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. താന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് കൂടിപ്പോയതാണെന്നും നടി പറഞ്ഞതായും പോലീസ് പറയുന്നു.  

പണ്ട് എന്റെ പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപ്പോലെ തന്ന ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണെന്ന് ഈ നടി പോസ്റ്റ് ചെയ്തിരുന്നു. ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ അഭിനന്ദിച്ച നടി പിന്നീട് കൂറുമാറുകയാണ് ഉണ്ടായത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചില സമയത്ത് ശരിയേക്കാള്‍ നല്ലത് സമാധാനമാണെന്ന് പിന്നീട് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായി സ്വയം അനുഭവിക്കാതെ അത് നിങ്ങള്‍ക്ക് മനസിലാകില്ലെന്നായിരുന്നു ആക്രമിക്കപ്പെട്ട നടി കുറിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)