നടി ഗൗതമിക്കും മകൾക്കും വധഭീഷണി

 | 
gouthami

ചെന്നൈ: തനിക്കും മകൾക്കും വധഭീഷണി ഉണ്ടെന്ന പരാതിയുമായി നടി ഗൗതമി. ​ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസം. ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ​ഗൗതമി ആരോപിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ​ഗൗതമി പരാതിയിൽ പറയുന്നത്.

അളഗപ്പനും ഭാര്യയും തന്റെ സ്വത്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കി. 25 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ ഇതേ കുറിച്ച് ചോദിച്ചു. വിവരം പുറത്തറിയിച്ചാൽ തന്റെയും മകളുടെയും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അള​ഗപ്പൻ വധഭീഷണി മുഴക്കിയതെന്ന് ​ഗൗതമി പറയുന്നു.

സംഭവം മകളെ വല്ലാതെ അലട്ടിയെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ​ഗൗതമി പരാതിയിൽ പറയുന്നു. ആരോപണവിധേയരായ പ്രതികൾക്കെതിരെ ചെന്നൈ പൊലീസ് നടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തുക്കൾ നിയമപരമായി വീണ്ടെടുക്കാൻ സഹായിക്കണമെന്നുമാണ് നടി പരാതിയിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുകയാണെന്നും ബിൽഡർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് വിവരം.