നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു; കേസുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ യുവനടി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടിയെ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രസവശേഷം ഉണ്ടാകുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ വേളയില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയത് ചര്‍ച്ചയായിരുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് പിന്നാലെ കൂറുമാറിയ സാക്ഷികളെ നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് തീരുമാനം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പുതിയ നീക്കങ്ങള്‍ നടത്തുന്നതിനിടെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.