ഇന്നും കൂട്ടി; പെട്രോള്‍ വില സംസ്ഥാനത്ത് 112 പിന്നിട്ടു, ഡീസല്‍ വില 106ലേക്ക്

 | 
Fuel

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിനും ഡീസലിനും ഇന്ന് 48 പൈസ കൂട്ടി. ഇതോടെ സംസ്ഥാനത്ത് 112 രൂപ പിന്നിട്ടു. തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 112.25 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസലിന് 105.94 രൂപയാണ് തിരുവനന്തപുരത്ത് ഇന്ന് രേഖപ്പെടുത്തിയത്.

പെട്രോളിന് കോഴിക്കോട് 110.40 രൂപയും ഡീസലിന് 104.30 രൂപയുമാണ് നിരക്ക്. കൊച്ചിയില്‍ 109.88 രൂപയാണ് പെട്രോളിന്. ഡീസലിന് 103.79 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 8.40 രൂപയും ഡീസലിന് 9.43 രൂപയുമാണ് കൂടിയത്.

ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നതില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് പ്രതിഷേധം നടത്തും. രാവിലെ 11 മുതല്‍ ഇടപ്പള്ളി-അരൂര്‍ ബൈപ്പാസ് ഉപരോധിച്ചു കൊണ്ടാണ് സമരം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് സമരം ഉദ്ഘാടനം ചെയ്യും.