കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. 10 പേരെയാണ് കാണാതായതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. പ്ലാപ്പള്ളി, കാവാലി ഭാഗത്തെ കടയും ഒലിച്ചുപോയി. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും കൂട്ടിക്കല്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആറു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കൂട്ടിക്കല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡാണ് പ്ലാപ്പള്ളി. ഇവിടെ സമീപകാലത്തൊന്നും ഉണ്ടാകാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍ പറഞ്ഞു. കൂട്ടിക്കല്‍ കവലയില്‍ മാത്രം ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.