പരസ്യ പ്രസ്താവന; അനില്‍ കുമാറിനും ശിവദാസന്‍ നായര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്
ഡിസിസി അദ്ധ്യക്ഷ പട്ടികയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ.പി.അനില്‍ കുമാറിനും കെ.ശിവദാസന്‍ നായര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. 7 ദിവസത്തിനകം മറുപടി നല്‍കണം.
ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നതിന് തൊട്ടു പിന്നാലെ നടത്തിയ പ്രതികരണങ്ങളുടെ പേരിലാണ് കെപിസിസി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയെന്നും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വരെ അപമാനിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്വീകരിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിനാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. വിശദീകരണം ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയും ഇവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ നേതാക്കളുടെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് വിലക്കി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.