ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി

തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയുമാണ് പിങ്ക് പോലീസ് നടുറോഡില്‍ വിചാരണ ചെയ്തത്.
 | 
pink police
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിതാവിനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി.

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിതാവിനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. പിങ്ക് പോലീസ് ഓഫീസറായ രജിതയെ സ്ഥലം മാറ്റി. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയുമാണ് പിങ്ക് പോലീസ് നടുറോഡില്‍ വിചാരണ ചെയ്തത്. ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാല്‍ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ടൗണില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പോലീസ് എത്തിയത്. വാഹനം കാണാനാണ് ജയചന്ദ്രനും മകളും എത്തിയത്.

കാറിന്റെ ഗ്ലാസ് ഉയര്‍ത്തി വെച്ച ശേഷമാണ് പോലീസുകാര്‍ ഡ്യൂട്ടിക്ക് പോയത്. ജയചന്ദ്രനും മകളും ഈ സമയത്ത് വാഹനത്തില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് രജിത ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചത്. ജയചന്ദ്രന്‍ സ്വന്തം ഫോണ്‍ നല്‍കി. ഇതല്ല, പൊലീസ് വാഹനത്തില്‍ നിന്ന് എടുത്ത ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. താന്‍ ഫോണ്‍ എടുത്തില്ലെന്ന് ജയചന്ദ്രന്‍ മറുപടി നല്‍കി. ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. 

ജയചന്ദ്രന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ കുട്ടി ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കാറിനുള്ളില്‍ നിന്ന് ഫോണ്‍ ലഭിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം വിവാദമായത്.