ആറ്റിങ്ങലിലെ പരസ്യവിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

 | 
pink police

ആറ്റിങ്ങലില്‍ മൂന്നം ക്ലാസുകാരിയെയും പിതാവിനെയും പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഈ സംഭവത്തില്‍ വലിയ മാനസിക പീഡനത്തിന് ഇരയായിരിക്കുകയാണ്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് നഷ്ടപരിഹാരമെന്ന നിര്‍ദേശം നല്‍കിയത്.

നഷ്ടപരിഹാരത്തെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരമായി എത്ര രൂപ നല്‍കാനാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്നാല്‍ സര്‍ക്കാരുമായി ആലോചിച്ചു മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയൂ എന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു.

ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ രജിത കോടതിയില്‍ മാപ്പപേക്ഷിച്ചു കൊണ്ട് സത്യവാങ്മൂലം നല്‍കിയിരുന്നു. കോടതിയോടും പെണ്‍കുട്ടിയോടും മാപ്പു പറയുന്നതായാണ് സത്യവാങ്മൂലം. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷക മറുപടിയായി കോടതിയെ അറിയിച്ചത്.