ആശങ്കയുടെ അഫ്ഗാന്‍; വിമാനങ്ങളില്‍ കയറിപ്പറ്റി നാടുവിടാന്‍ തിരക്കുകൂട്ടി അഫ്ഗാന്‍ ജനത, വീഡിയോ

 | 
Kabul airport
താലിബാന്‍ ഭരണത്തിലേറുന്നതോടെ രാജ്യം വിടാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ജനത. ജനങ്ങള്‍ കൂട്ടപ്പലായനത്തിന് തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തു വരുന്നത്.

കാബൂള്‍: താലിബാന്‍ ഭരണത്തിലേറുന്നതോടെ രാജ്യം വിടാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ജനത. ജനങ്ങള്‍ കൂട്ടപ്പലായനത്തിന് തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തു വരുന്നത്. വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ എയറോ ബ്രിഡ്ജുകളില്‍ ആളുകള്‍ വലിഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിദേശികള്‍ക്കൊപ്പം അഫ്ഗാന്‍ സ്വദേശികളും തിരക്കുകൂട്ടൂകയാണ്. 

അഫ്ഗാന്‍ പ്രസിഡന്റ അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. താലിബാന്‍ വളരെ അനായാസമാണ് കാബൂള്‍ പിടിച്ചടക്കിയത്. സൈന്യം നേരിയ ചെറുത്തു നില്‍പ്പ് പോലും നടത്തിയില്ല. ഇതോടെ ജനങ്ങള്‍ വിമാനത്താവളത്തിലേക്ക് കുതിക്കുകയായിരുന്നു. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ കാബൂള്‍ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. 

താലിബാന്‍ ഇതുവരെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല. എങ്കിലും ജനങ്ങളെ തടയാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനക്കൂട്ടം നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചതാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 


വിമാനങ്ങളില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ നിരവധി പേരെ പുറത്താക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റണ്‍വേ നിറഞ്ഞ് ജനങ്ങള്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.