അഫ്ഗാൻ സ്ഫോടനം: മരണം എൺപതുവരെ ആകാമെന്ന് ആരോഗ്യവകുപ്പ്
Updated: Oct 9, 2021, 10:30 IST
| അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ എഴുപത് മുതൽ എൺപതു വരെയാകാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്‍ലാമിക്ക് സ്റ്റേറ്റ് (കെ) ഏറ്റെടുത്തിട്ടുണ്ട്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ച്ചക്കിടയിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.
ആദ്യ കണക്കുകൾ അനുസരിച്ച് മരണം നാൽപ്പത്തിയഞ്ചാണ്. നൂറിലേറെ പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. അതേസമയം മരണസംഖ്യ ഉയരുമെന്നാണ് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഷിയാ വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്ത പള്ളിയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് മൂന്നൂറോളം പേരാണ് പള്ളിയിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ജുമാ നമസ്ക്കാര സമയത്താണ് സ്ഫോടനം നടന്നത്.