എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ; ഏറ്റെടുപ്പ് 18,000 കോടി രൂപയ്ക്ക്

 | 
Air India
എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് ഏറ്റെടുത്തു
എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് ഏറ്റെടുത്തു. 18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ദേശീയ ക്യാരിയര്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റ ഏറ്റെടുത്തു. ഇതിനൊപ്പം കമ്പനിയുടെ ബജറ്റ് എയര്‍ലൈന്‍ വിഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ടാറ്റയ്ക്ക് സ്വന്തമാകും. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരികളും ടാറ്റയ്ക്ക് ലഭിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചത്. നാല് പേരാണ് കമ്പനിയെ സ്വന്തമാക്കാന്‍ എത്തിയത്. അവസാന റൗണ്ടില്‍ ടാറ്റയും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗുമായിരുന്നു ഉണ്ടായിരുന്നത്. ടാറ്റ തന്നെയാണ് ലേലത്തില്‍ വിജയിച്ചതെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

1932ല്‍ ജെആര്‍ഡി ടാറ്റ ആരംഭിച്ച ടാറ്റ എയര്‍ സര്‍വീസസ് ആണ് പിന്നീട് 1953ല്‍ ദേശസാത്കരിച്ച് എയര്‍ ഇന്ത്യയായി മാറിയത്. 1977 വരെ ജെആര്‍ഡി ടാറ്റയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. 70,000 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിദിനം സര്‍ക്കാരിന് 20 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ 23,286 കോടിയുടെ നഷ്ടം ടാറ്റ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.