'നല്ല രീതിയില്‍' പരാമര്‍ശത്തില്‍ തെറ്റില്ല; മന്ത്രി ശശീന്ദ്രന്റെ ഫോണ്‍വിളിയില്‍ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല.
ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കേസ് പിന്‍വലിക്കണമെന്ന ആവശ്യമോ ഭീഷണിയോ ഫോണ്‍ കോളില്‍ ഇല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.
എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.പത്മാകരനെതിരായ യുവതിയുടെ പരാതിയിലാണ് മന്ത്രി ഇടപെട്ടതായാണ് ആരോപണം. പത്മാകരന്‍ തന്നെ കുണ്ടറ മുക്കടയിലെ കടയിലേക്കു വിളിച്ചു കയറ്റി കയ്യില്‍ കയറിപ്പിടിച്ചെന്നാണ് കുണ്ടറ പൊലീസില്‍ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം കൂടിയായ യുവതിയുടെ പരാതി. എന്‍സിപി കുണ്ടറ മണ്ഡലം ഭാരവാഹിയുടെ മകളാണ് പരാതിക്കാരി.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണെന്നും കാര്യം അന്വേഷിക്കാനാണ് വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.