ആലപ്പുഴ കൊലപാതകങ്ങള്‍; 11 എസ്ഡിപിഐ പ്രവര്‍ത്തകരും ആംബുലന്‍സും കസ്റ്റഡിയില്‍

 | 
SDPI Ambulance

ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 പേര്‍ കസ്റ്റഡിയില്‍. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസില്‍ 11 എസ്ഡിപിഐ പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. എസ്ഡിപിഐയുടെ ആംബുലന്‍സും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പിടിയിലായവരില്‍ നാലു പേരെ ആംബുലന്‍സില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍, ബിജെപി പോഷക സംഘടനയായ ഒബിസി മോര്‍ച്ചയുടെയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് 12 മണിക്കൂര്‍ ഇടവേളയില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി 7.30ഓടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിയത്. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ച് ഷാന്‍ രാത്രി മരിച്ചു. ശരീരത്ത് നാല്‍പതോളം വെട്ടുകളേറ്റിരുന്നു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ബൈക്കുകളിലായ 12 പേര്‍ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നാണ് സൂചന. രാവിലെ 5 മണിക്ക് വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടനെ അതിക്രമിച്ചു കയറി രഞ്ജിത്തിനെ വെട്ടുകയായിരുന്നു.