സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്; സർക്കാരിനെതിരെ വി എം സുധീരൻ

 | 
v m sudheeran

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് വിമർശനം. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. മദ്യം മുഖ്യ വരുമാന മാർഗമായി കരുതുന്ന സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ കുറ്റപ്പെടുത്തി.


ഇടുക്കി മണിയാറൻകുടിയിൽ കിടപ്പിലായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ലഹരിയിൽ രക്ഷിതാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണ് ഇടുക്കിയിൽ ഉണ്ടായിരിക്കുന്നത്. ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും മദ്യത്തിന് അടിമയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പല അക്രമ സംഭവങ്ങൾക്കും കാരണം മദ്യമാണ്. മദ്യത്തെ പ്രധാന വരുമാന മാർഗമായി കണ്ട് സർക്കാർ നടത്തുന്ന ഇടപെടലുകളാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ വിമർശിച്ചു. ഒരു വശത്ത് ലഹരിക്കെതിരെയും മറുവശത്ത് മദ്യത്തിന് അനുകൂലമായ നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും സുധീരൻ പറഞ്ഞു.