പ്രായപൂര്‍ത്തി ആകാത്തവരുമായി ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സില്‍ (വദന സുരതം) ഏര്‍പ്പെടുന്നത് കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനിട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
10 വയസുകാരനെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ വിധി. പ്രതിയുടെ അപ്പീല്‍ പരിഗണിച്ച കോടതി വിചാരണക്കോടതി നല്‍കിയ 10 വര്‍ഷത്തെ ശിക്ഷ 7 വര്‍ഷമായി കുറച്ചു. 2018ലെ വിധിയാണ് കോടതി തിരുത്തിയത്.
2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്‌സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.