എസ്ഡിപിഐക്കാരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ചുവെന്ന ആരോപണം; തെളിയിച്ചാല്‍ രാജിയെന്ന് എഡിജിപി
ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ എസ്ഡിപിഐക്കാരെക്കൊണ്ട് പോലീസ് ജയ്ശ്രീറാം വിളിപ്പിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി എഡിജിപി വിജയ് സാഖറേ. ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് സാഖറേ പറഞ്ഞു. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകനായ ഫിറോസ് എന്ന 25കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ജയ്ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിയാണ് ഈ ആരോപണം ഉന്നയിച്ചത്. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി അഷറഫ് മൗലവി പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മൂത്രം പോകാത്ത അവസ്ഥയാണെന്നും അഷറഫ് പറഞ്ഞിരുന്നു.
ഇരട്ടക്കൊലകളില്‍ പിടിയിലായിരിക്കുന്നവര്‍ ആരും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നാണ് എഡിജിപി വ്യക്തമാക്കിയത്. ജില്ലയ്ക്ക് പുറത്തേക്കും പ്രതികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.