നികുതിവെട്ടിപ്പ് ആരോപണം; നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗര്‍, വേലാച്ചേരി, ദുരൈപാക്കം, കോട്ടിവാക്കം, കില്‍പാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളിലാണ് പരിശോധനയെന്ന് വിവിധ തമിഴ് മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും റിപ്പോര്‍ട്ടുചെയ്തു. കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. ഇവയില്‍ ചെന്നൈയില്‍ ആര്യ നടത്തുന്ന റസ്‌റ്റോറന്റുകളിലാണ് ആദായനികുതി വകുപ്പ് സംഘമെത്തിയത്. കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടുചെയ്തു. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.
കാസര്‍കോട് സ്വദേശിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനംചെയ്യുന്ന 'അനന്തന്‍കാട്', 'മിസ്റ്റര്‍ എക്‌സ്' എന്നിവയാണ് റിലീസിനൊരുങ്ങുന്ന ആര്യ ചിത്രങ്ങള്‍. 'ഷോ ദി പീപ്പിള്‍' എന്ന പേരില്‍ താരം സിനിമാനിര്‍മാണക്കമ്പനി നടത്തുന്നുണ്ട്. ഷാജി നടേശനും സന്തോഷ് ശിവനും ഒപ്പം 'ഓഗസ്റ്റ് സിനിമ'യിലും പങ്കാളിയാണ് ആര്യ.