ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടുവെന്ന ആരോപണം; വിശദീകരണവുമായി നെയ്യാറ്റിന്‍കര രൂപത ​​​​​​​

 | 
Dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി നെയ്യാറ്റിന്‍കര രൂപത. ദിലീപിന്റെ ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നും രൂപത വ്യക്തമാക്കി. ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രൂപതാ വക്താവ് മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. 

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ബിഷപ്പിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ജാമ്യം കിട്ടുന്നതിനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് പരാമര്‍ശം. തന്റെ ഭാര്യ ലത്തീന്‍ വിഭാഗത്തിലുള്ള ആളാണെന്നും നെയ്യാറ്റിന്‍കര ലത്തീന്‍ ബിഷപ്പുമായി ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി ഈ ബിഷപ്പിന് ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസിലെ സത്യാവസ്ഥ ബിഷപ്പ് വഴി മുഖ്യമന്ത്രിയെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്റെ പേര് ഒഴിവാക്കുമെന്നുമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ വാഗ്ദാനമെന്നും ദിലീപ് പറയുന്നു. 

ജാമ്യം കിട്ടിയത് താന്‍ മൂലം നെയ്യാറ്റിന്‍കര ബിഷപ്പ് നടത്തിയ ഇടപെടലിലൂടെയാണെന്നും ബിഷപ്പിന് പണം കൊടുക്കണമെന്ന് ജാമ്യം കിട്ടി ഒരു മാസത്തിന് ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ ഇടപെട്ട മറ്റു ചിലര്‍ക്കും പണം നല്‍കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായും ദിലീപ് പറയുന്നു. ഇത് നിരസിച്ചപ്പോള്‍ എഡിജിപി സന്ധ്യയെ വിൡക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.