മോന്‍സണുമായി ബന്ധമെന്ന് ആരോപണം; ചേര്‍ത്തല സിഐയെ സ്ഥലം മാറ്റി

 | 
Monson
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല സിഐക്ക് സ്ഥലംമാറ്റം

ആലപ്പുഴ: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല സിഐക്ക് സ്ഥലംമാറ്റം. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് ചേര്‍ത്തല സിഐ പി.ശ്രീകുമാറിനെ സ്ഥലം മാറ്റിയത്. മോന്‍സന്റെ മുന്‍ ഡ്രൈവറായിരുന്ന അജിത്തിനെ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. അജിത്ത് മോന്‍സണെതിരെ പരാതി നല്‍കിയിരുന്നു.

ചേര്‍ത്തല സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. ഈ പരാതിയില്‍ സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ബാല അജിത്തിനെ വിളിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനിടെ മോന്‍സണെതിരെ കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്. മോന്‍സന്റെ ഉടമസ്ഥതയിലുള്ള കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു.

കമ്പനിയുടെ പാര്‍ട്ണര്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. മോണ്‍സന്‍ തന്റെ ലാപ്ടോപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി അന്വേഷണസംഘം പറയുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.