മൊഫിയയുടെ ആത്മഹത്യ; ആലുവ ഈസ്റ്റ് സിഐ സുധീറിന് സസ്‌പെന്‍ഷന്‍

 | 
CI Sudheer

മൊഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐക്ക് സസ്‌പെന്‍ഷന്‍. സിഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മൊഫിയയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ സിഐക്കതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു. സമരം വിജയം കണ്ടതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത്. ഇയാള്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫികി അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. നേരത്തേ സ്‌റ്റേഷന്‍ ചുമതലയൊഴിഞ്ഞ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചല്‍ ഉത്ര വധക്കേസില്‍ ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സുധീറിനെ ആലുവയിലേക്ക് സ്ഥലംമാറ്റിയത്.

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ മൊഫിയയെയും പിതാവിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സുധീര്‍ അവഹേളിച്ചതായാണ് ആരോപണം. സിഐ ഭീഷണിപ്പെടുത്തിയെന്ന് മൊഫിയയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവായ സുഹൈലിനും കുടുംബത്തിനും സിഐ സുധീറിനുമെതിരെ നടപടിയെടുക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ എഴുതിയിരുന്നു.