അമേരിക്ക തിരിച്ചടിച്ചു; ഡ്രോൺ ആക്രമണത്തിൽ ഐഎസ് നേതാവിനെ വധിച്ചെന്ന് റിപ്പോർട്ട്

 | 
kabul attack

കാബൂൾ വിമാനത്താവള കവാടത്തിലുണ്ടായ സ്‌ഫോടനത്തിന്റെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചെന്ന് അമേരിക്കൻ സൈന്യം. കാബൂൾ ആക്രമണത്തിൻറെ സൂത്രധാരൻ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നൻഗൻ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടർന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. 

ബൈഡന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാൻ പ്രവിശ്യയിൽ ഡ്രോൺ ആക്രമണം നടത്തിയത്.  കാബൂൾ വിമാനത്താവളത്തിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതിനിടെ അഫ്ഗാനു പുറത്തുനിന്നായിരുന്നു ആക്രമണം. വിമാനത്താവളത്തിൽ കൂടുതൽ ചാവേർ ആക്രമണങ്ങൾക്കു സാധ്യതയുള്ളതിനാൽ യുഎസ് പൗരന്മാർ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക വെള്ളിയാഴ്ചയും മുന്നറിയിപ്പു നൽകിയിരുന്നു. 

അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.