യുപിയില്‍ മന്ത്രിസ്ഥാനം രാജിവെച്ച് എസ്പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്

 | 
swami prasad maurya

യോഗി ആദിത്യനാഥ് സര്‍ക്കാരിന് കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച സ്വാമി പ്രസാദ് മൗര്യക്ക് അറസ്റ്റ് വാറണ്ട്. സുല്‍ത്താന്‍പൂരിലാണ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2014ല്‍ മതവിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വാറണ്ട്. ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മൗര്യക്ക് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുകയാണ്.

ഇന്ന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു വാറണ്ടില്‍ പറഞ്ഞിരുന്നതെങ്കിലും മൗര്യ ഹാജരായില്ല. ഇതേത്തുടര്‍ന്ന് ജനുവരി 24ന് ഹാജരാകണമെന്ന് കാട്ടി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മായാവതിയുടെ ബിഎസ്പി അംഗമായിരുന്ന സമയത്താണ് മൗര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് മൗര്യ.

ഗൗരി ദേവിയെയും ഗണപതിയെയും വിവാഹച്ചടങ്ങുകളില്‍ ആരാധിക്കേണ്ടതില്ലെന്നായിരുന്നു വിവാദമായ പ്രസംഗത്തില്‍ മൗര്യ പറഞ്ഞത്. ദളിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും അടിച്ചമര്‍ത്താനും വഴിതെറ്റിക്കാനും സവര്‍ണ്ണ മേല്‍ക്കോയ്മയുള്ള സമൂഹം നടത്തിയ ഗൂഢാലോചനയാണ് ഇത്തര പൂജകളെന്നും മൗര്യ കൂട്ടിച്ചേര്‍ത്തിരുന്നു.