ആനി രാജയെ തള്ളി കാനം; കേരള പോലീസിനെക്കുറിച്ച് പരാതിയില്ല

 | 
kaanam


കേരള പോലീസിനെതിരേ സിപിഐ  നേതാവ് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി കേരള ഘടകം. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത് ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. 

സംസ്ഥാനത്തെ നേതാക്കള്‍ക്കാര്‍ക്കും ഇങ്ങിനെ ഒരു അഭിപ്രായമില്ല.  കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണിതെന്നും  വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 

പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും സർക്കാർ നയത്തിനെതിരെ പോലീസ് പ്രവർത്തിക്കുന്നുണ്ടെന്നും ആനി രാജ ആരോപിച്ചിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വമായ ഇടപെടല്‍,  പോലീസിന്റെ അനാസ്ഥ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിമർശനങ്ങൾ. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം. 

സംസ്ഥാനത്തെ കാര്യങ്ങളില്‍ ആനി രാജ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി കാനം രാജേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ കത്തിലൂടെ അറിയിച്ചിരുന്നു.