ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

 | 
Joju Car

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. തൃക്കാക്കര സ്വദേശി ഷെരീഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.ജെ.ജോസഫ് എന്നയാള്‍ നേരത്തേ പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ ജോജു കക്ഷി ചേര്‍ന്നതോടെ അത് പരാജയപ്പെടുകയായിരുന്നു. ഇതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായി. കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുകയും പരസ്യമായി മാപ്പു പറയുകയും ചെയ്താല്‍ കേസ് പിന്‍വലിക്കാമെന്നാണ് ജോജു ജോര്‍ജ് വ്യക്തമാക്കിയത്.

വിവാദങ്ങളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് നിലപാടാണ് ജോജു സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.