സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡിനുള്ള ആന്റിബോഡി ചികിത്സ വിഐപികള്‍ക്ക് മാത്രം; ഗുരുതര ആരോപണവുമായി ബിജെപി

കോവിഡിന് ഫലപ്രദമായ ആന്റിബോഡി ചികിത്സ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിഐപികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി. കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിരിക്കുന്ന ചികിത്സാരീതിയാണ് ഇത്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഈ ചികിത്സ ലഭ്യമാണ്. താരതമ്യേന ചെലവ് കൂടിയ ആന്റിബോഡി കോക്ടെയില്‍ മരുന്ന് കേന്ദ്രം സൗജന്യമായാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഈ ചികിത്സ മെഡിക്കല്‍ കോളേജില്‍ എത്തുന്ന വിഐപികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ ആന്റിബോഡി തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സ നടത്തി രോഗികളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്. കോവിഡ് രണ്ടാം തരംഗ സമയത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 2300ഓളം വയല്‍ മരുന്നാണ് ഉപയോഗിക്കാതെ പൂഴ്ത്തിവച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്ന ശേഷമാണ് 28 കോടിയുടെ ആ മരുന്ന് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ആന്റിബോഡി തെറാപ്പി താലൂക്ക്-ജില്ലാ ആശുപത്രികളിലേക്കും വ്യാപകമാക്കാന്‍ പണമാണ് സംസ്ഥാന സര്‍ക്കാരിന് തടസമെങ്കില്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ഞൂറ് കോടിയോളം രൂപ ഇവിടെയുണ്ട്.
അതെടുത്ത് ആവശ്യത്തിന് മരുന്നു വാങ്ങി സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കണം. കൂടാതെ കോവിഡ് പ്രതിരോധ സാധനങ്ങള്‍ വാങ്ങാനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ 17 കോടിയോളം രൂപയും ബാക്കിയുണ്ട്. ഇതൊന്നും എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് വാങ്ങാതെ സര്‍ക്കാര്‍ ദുരന്തകാലത്തെ പോലും കയ്യിട്ടു വാരാനുള്ള അവസരമായി കാണുകയാണ്. രാജ്യത്ത് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നും അപ്പീല്‍ നല്‍കിയ മുപ്പതിനായിരത്തില്‍ അധികം മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ സംസ്ഥാനത്തെ മരണസംഖ്യ എഴുപതിനായിരം കടക്കുമെന്നും സന്ദീപ് പറയുന്നു.
പോസ്റ്റ് വായിക്കാം
ഈ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. കേരളത്തിലെ കോവിഡ് വ്യാപനവും മരണ സംഖ്യയും. കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധയും മരണവും കേരളത്തിലാണ്. ഇന്നലത്തെ (07.12.21) കണക്ക് അനുസരിച്ച് രാജ്യത്ത് 93,733 കോവിഡ് രോഗികളാണ് ഉള്ളത്. അതില്‍ 40,728 രോഗികളേയും സംഭാവന ചെയ്തത് നമ്മുടെ കൊച്ചു കേരളമാണ്. ഒന്നാം നമ്പര്‍ അല്ലേ? കോവിഡ് മരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണ്. ഒരു ലക്ഷത്തോളം പേര്‍ മരിച്ച മഹാരാഷ്ട്ര കഴിഞ്ഞാല്‍ 41,902 പേര്‍ മരിച്ച കേരളമാണ് രണ്ടാമത്. അപ്പീല്‍ നല്‍കിയ മുപ്പതിനായിരത്തിലധികം മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ട്. അങ്ങനെയായാല്‍ മരണസംഖ്യ എഴുപതിനായിരം കടക്കും .
കോവിഡിനെ ശക്തമായി പ്രതിരോധിച്ചു എന്നു മേനി പറയുന്ന സംസ്ഥാനത്താണ് ഇത്രയധികം പേര്‍ മരിക്കുന്നത്. ഒന്നുകില്‍ മികച്ചതെന്ന് നാം അവകാശപ്പെടുന്ന ചികിത്സാ സംവിധാനത്തിന് എന്തോ തകരാറുണ്ട്. അല്ലായെങ്കില്‍ മേല്‍നോട്ടം വഹിച്ച സര്‍ക്കാര്‍ സംവിധാനത്തിന് പാളിച്ച സംഭവിച്ചിരിക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാവൂ. ഈ തകരാര്‍ മറച്ചു വെക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്നത്. പൊതുവേ മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള കേരളത്തിന് എന്തുകൊണ്ടാണ് കോവിഡ് മരണം കുറച്ചു കൊണ്ടുവരാന്‍ കഴിയാത്തത്?
ഇവിടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവവും കെടുകാര്യസ്ഥതയും വെളിവാകുന്നത്.
കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിട്ടുള്ള ചികിത്സാ രീതിയാണ് ആന്റി ബോഡി തെറാപ്പി. (എല്ലാ രോഗികളിലും ഇത് സാധ്യമല്ലെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന ചികിത്സാരീതിയാണിത്.) സ്വകാര്യ ആശുപത്രികള്‍ ആന്റിബോഡി തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സ നടത്തി രോ?ഗികളെ മരണത്തില്‍ നിന്നും രക്ഷപെടുത്തുന്നുണ്ട്. ഇതേ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. താരതമ്യേന ചെലവ് കൂടിയ ഇതിന്റെ മരുന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ ഈ ചികിത്സ മെഡിക്കല്‍ കോളേജിലെത്തുന്ന വി.ഐ.പികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൊലയ്ക്ക് കൊടുക്കുന്നതാണ്. (മെഡിക്കല്‍ കോളേജിലേക്ക് എത്തുമ്പോഴേക്കും ഈ ചികിത്സ സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് രോ?ഗി എത്തിക്കഴിഞ്ഞിട്ടുണ്ടാകും.) കോവിഡ് രണ്ടാം തരംഗ സമയത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 2300ഓളം വയല്‍ മരുന്നാണ് ഉപയോ?ഗിക്കാതെ പൂഴ്ത്തിവച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്ന ശേഷമാണ് 28 കോടിയുടെ ആ മരുന്ന് ഉപയോ?ഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം.
ആന്റിബോഡി തെറാപ്പി താലൂക്ക്-ജില്ലാ ആശുപത്രികളിലേക്കും വ്യാപകമാക്കാന്‍ പണമാണ് സംസ്ഥാന സര്‍ക്കാരിന് തടസമെങ്കില്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ഞൂറ് കോടിയോളം രൂപ ഇവിടെയുണ്ട്. അതെടുത്ത് ആവശ്യത്തിന് മരുന്നു വാങ്ങി സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കണം. കൂടാതെ കോവിഡ് പ്രതിരോധ സാധനങ്ങള്‍ വാങ്ങാനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ 17 കോടിയോളം രൂപയും ബാക്കിയുണ്ട്. ഇതൊന്നും എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് വാങ്ങാതെ സര്‍ക്കാര്‍ ദുരന്തകാലത്തെ പോലും കയ്യിട്ടു വാരാനുള്ള അവസരമായി കാണുകയാണ്.
മൃതദേഹത്തിന്റെ പോക്കടിച്ച പൊലീസുകാരുള്ള നാടാണ് കേരളം. അപ്പോ പിന്നെ സര്‍ക്കാര്‍ മാത്രമായി എന്തിന് നോക്കി നില്‍ക്കണം എന്ന ചിന്തയാണ് പിണറായി സര്‍ക്കാരിനെ ഭരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ കയ്യിലുണ്ടായിട്ടും സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ അതുപയോഗിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവന്‍ പന്താടുകയാണ്. ദിവസവും കൃത്യമായി കോവിഡ് കണക്കുകള്‍ പുറത്തു വിടാന്‍ ഒരു ക്ലാര്‍ക്ക് വിചാരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ മനസിലാക്കണം. പത്രക്കുറിപ്പ് പുറത്തിറക്കലല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനമെന്ന് എന്നാണ് ഇനി ആരോ?ഗ്യവകുപ്പ് മനസിലാക്കുക? അതിനു വേണ്ടി എത്ര ജീവനുകളാണ് ഇനിയും കൊടുക്കേണ്ടി വരിക.?