മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

 | 
Sessi Xavier
ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഒളിവില്‍ കഴിയുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെസി അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയും കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനായി പ്രവര്‍ത്തിക്കുകയും ചെയ്ത സെസിക്കെതിരെ വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ രേഖകള്‍ എടുത്തുകൊണ്ടു പോയതിന് മോഷണക്കുറ്റവും ആള്‍മാറാട്ടക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ കോടതിയിലാണ് സെസി അഭിഭാഷകയായി പ്രവര്‍ത്തിച്ചത്. രണ്ടര വര്‍ഷത്തോളം ഇവര്‍ ബാര്‍ അസോസിയേഷനെയും കോടതിയെയും കബളിപ്പിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയത്.

കേസില്‍ ജാമ്യമെടുക്കാന്‍ ഇവര്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ജൂലൈ 22ന് ഹാജരായിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ടിരിക്കുന്നതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന് മനസിലായ സെസി നാടകീയമായി മുങ്ങി. ഇതിന് ശേഷം ഒളിവില്‍ കഴിയുന്ന സെസിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

തിരുവനന്തപുരം സ്വദേശിനിയായ സംഗീത എന്ന അഭിഭാഷകയുടെ എന്റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍ നിന്ന് മൊഴിയെടുത്താണ് പോലീസ് സെസിക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തത്.