കോവിഡ് ചികിത്സക്ക് ആന്റി വൈറൽ ഗുളികകളും; മോൾനുപിരവിറിന് അംഗീകാരം നൽകി ബ്രിട്ടൻ

 | 
Covid tablet
കോവിഡ് ചികിത്സക്ക് ഉപയോഗിക്കാൻ കഴിയുന്ന ആന്റി വൈറൽ ഗുളികക്ക് ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകി.  യുകെ മെഡിസിൻ റെഗുലേറ്റർ ആണ് അമേരിക്കൻ നിർമ്മിത ഗുളികയായ 'മോൾനുപിരവിർ' ന് അംഗീകാരം നൽകിയത്. കോവിഡ് ചികിത്സക്കുള്ള ആദ്യ ഗുളികയാണ് ഇത്.

 സാധാരണ ഫ്ലൂ ചികിത്സിക്കാൻ വികസിപ്പിച്ച ഈ ഗുളിക കോവിഡ് രോഗികളിൽ ഉപയോഗിച്ചാൽ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും മരിക്കാനും ഉള്ള സാധ്യത പകുതിയോളം കുറക്കുന്നുണ്ടെന്ന് കണ്ടെത്തി.

 ഏറ്റവും ദുർബലരും പ്രതിരോധശേഷി കുറഞ്ഞവരുമായ ആളുകൾക്ക് ഈ ചികിത്സ ഒരു ഗെയിം ചേഞ്ചർ ആണെന്ന് ബ്രിട്ടീഷ്ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.

 “ഇന്ന് നമ്മുടെ രാജ്യത്തിന് ചരിത്രപരമായ ദിവസമാണ്, കോവിഡിനായി വീട്ടിൽ കൊണ്ടുപോകാവുന്ന ഒരു ആൻറിവൈറലിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുകെ. സാജിദ് ജാവേദ് പ്രസ്താവനയിൽ  പറഞ്ഞു. 

 യുഎസ് മരുന്ന് കമ്പനികളായ മെർക്ക്, ഷാർപ്പ് ആൻഡ് ഡോഹ്മെ (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് എന്നിവ വികസിപ്പിച്ചെടുത്ത മോൾനുപിരാവിർ, കൊവിഡിനുള്ള ആദ്യത്തെ ആൻറിവൈറൽ മരുന്നാണ്. ഇത് കുത്തിവെപ്പിന് പകരം ഒരു ഗുളികയായി കഴിക്കാം.

 നവംബറിൽ തന്നെ മരുന്ന് യുകെയിൽ എത്തും. 480,000 കോഴ്സുകൾ വാങ്ങാൻ യുകെ അനുമതി നൽകിയിട്ടുണ്ട്.

 തുടക്കത്തിൽ, വാക്സിനേഷൻ എടുത്തവർക്കും വാക്സിനേഷൻ ചെയ്യാത്ത രോഗികൾക്കും നൽകാനാണ് പദ്ധതി. കൂടുതൽ ഓർഡർ ചെയ്യാനുള്ള തീരുമാനത്തിന് മുമ്പായി അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള  ഡാറ്റ ശേഖരിക്കും.

 രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ചു ദിവസത്തിനകം മരുന്ന് നൽകിയാൽ മതിയാകും.

കൊവിഡ് ചികിത്സയ്ക്കായി ഒരു ഗുളികയുടെ പരീക്ഷണ ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കമ്പനിയാണ് മെർക്ക്, എന്നാൽ മറ്റ് കമ്പനികളും സമാനമായ ചികിത്സകൾക്കായി പ്രവർത്തിക്കുന്നു.

  യുഎസ് കമ്പനി ഫൈസർ രണ്ട് വ്യത്യസ്ത ആൻറിവൈറൽ ടാബ്‌ലെറ്റുകളുടെ പരീക്ഷണങ്ങൾ ആരംഭിച്ചു. സ്വിസ് കമ്പനിയായ റോഷെ സമാനമായ മരുന്നിനായി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.