സ്ത്രീ വിരുദ്ധ പരാമർശം; മൻസൂർ അലി ഖാന്റെ ജാമ്യാപേക്ഷ തള്ളി
സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസെടുത്ത നടൻ മൻസൂർ അലിഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.
തൗസന്റ് ലൈറ്റ്സ് പോലീസാണ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നത്. പരാമർശത്തിൽ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. സിആർപിസി 41-എ വകുപ്പ് പ്രകാരമാണ് സമൻസ് അയച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മീഷൻ ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ കേസെടുക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിക്കുകയായിരുന്നു.
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.