അനുപമ നിരാഹാര സമരം ആരംഭിച്ചു; ഫോണില്‍ വിളിച്ച് മന്ത്രി വീണ ജോര്‍ജ്

 | 
Anupama

കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. പോലീസില്‍ വിശ്വാസം നഷ്ടമായെന്നും വനിതാ കമ്മീഷന്‍ നടപടികളില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞിരുന്നു. ആറു മാസത്തിന് മുന്‍പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഇതുവരെ അന്വേഷണം ആരംഭിച്ചില്ലെന്ന് അനുപമ പറഞ്ഞു. കുട്ടിയെ വിട്ടുകിട്ടുന്നത് വരെ സമരം തുടരും. വേണ്ട സമയത്ത് ആരും സഹായത്തിനുണ്ടായില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സഹായത്താലോ ഏതെങ്കിലും പാര്‍ട്ടിക്കെതിരെയോ അല്ല സമരമെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ചു. നിരാഹാര സമരം ആരംഭിക്കുന്നതിന് മുന്‍പായാണ് വീണ ജോര്‍ജ് അനുപമയെ വിളിച്ചത്. സംഭവത്തില്‍ നടപടിയെടുക്കുമെന്നും താനും ഒരമ്മയാണെന്നും കാര്യങ്ങള്‍ മനസിലാകുമെന്നും വീണാ ജോര്‍ജ്ജ് അനുപമയോട് പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അനുപമയ്ക്ക് വാക്ക് നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അനുപമ പറഞ്ഞു.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ച്ചുമതല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പ്രസവ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുഞ്ഞിനെ എടുത്തു മാറ്റിയത്. പിന്നീട് കുഞ്ഞിനെ ദത്ത് നല്‍കുന്നതു വരെ പരാതിയില്‍ ആരും നടപടിയെടുത്തില്ലെന്നാണ് അനുപമയുടെ പരാതി. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ദത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സിഡബ്ല്യുസി സ്വീകരിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, പേരൂര്‍ക്കട പോലീസ്, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചെയര്‍പേഴ്‌സണ്‍ സുനന്ദ, തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.