പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ; ഹൈക്കോടതിയെ സമീപിക്കും

 | 
Anupama

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അനുപമ പറഞ്ഞു. കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും. അനുപമയുടെ കുഞ്ഞിനെയാണ് ദത്ത് നല്‍കിയതെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ കുടുംബ കോടതിയിലെ നടപടിക്രമങ്ങളില്‍ കക്ഷിചേരാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായും അനുപമ പറഞ്ഞു.

പോലീസില്‍ ആദ്യം പരാതി നല്‍കിയത് ഏപ്രില്‍ 19നാണ്. എന്നാല്‍ ഏപ്രിലില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സെപ്റ്റംബറില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താന്‍ തെറ്റുകാരിയെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു. അതിനിടെ കുട്ടിയെപ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.