ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി സാധ്യതയെന്ന് അനുപമ; സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണമെന്ന് ആവശ്യം
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ. പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അനുപമ പറഞ്ഞു. സാമ്പിള്‍ രണ്ടായിട്ടേ എടുക്കൂ എന്നാണ് പറയുന്നത്. എന്തിനാണ് അങ്ങനെയൊരു വാശിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി എല്ലാം വ്യക്തിപരമായാണ് കാണുന്നത്.
കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്തു തീരുമാനവും സിഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിര്‍ദേശം നല്‍കിയിരിക്കെ അവര്‍ക്കുള്ള അധികാരത്തില്‍ പെരുമാറിക്കൂടേയെന്നും അനുപമ ചോദിച്ചു. ഞായറാഴ്ച രാത്രി കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ എടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയില്‍ കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലാണ് കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്തുന്നതു വരെ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനു ശേഷം കേസില്‍ തീരുമാനമാകുന്നതു വരെ കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയുന്നയാളിനെ കണ്ടെത്തി കൈമാറാനാണ് കോടതിയുടെ നിര്‍ദേശം.