കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം; ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ പങ്കാളി അജിത്ത്

 | 
Ajith

താന്‍ കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അനുപമയുടെ പങ്കാളി അജിത്ത്. ആദ്യ ഭാര്യയില്‍ തനിക്ക് കുട്ടികളില്ലെന്നും അജിത്ത് വ്യക്തമാക്കി. രണ്ട് കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് താന്‍ അനുപമയെ വിവാഹം കഴിച്ചതെന്ന് പത്രങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായെന്നും അജിത്ത് പറഞ്ഞു.

സൈബര്‍ രംഗത്ത് താനും മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. വിവാഹിതനാണെന്ന കാര്യം താന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടികളുണ്ടെന്ന് പറഞ്ഞിട്ടില്ല. വിവാഹമോചനം നിയമപരമായാണ് ചെയ്തതെന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു. അജിത്തുമായുള്ള ബന്ധത്തില്‍ തനിക്ക് കുട്ടികളില്ലെന്ന് ആദ്യ ഭാര്യ നാസിയയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് അനുപമയും അജിത്തും. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.