ആര്യൻ ഖാന് ജാമ്യമില്ല
ആഡംബര കപ്പലിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസിൽ ജയിലിൽ കിടക്കുന്ന ആര്യൻഖാന്റെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളി. ഒക്ടോബർ മൂന്നാം തിയ്യതി അറസ്റ്റിലായ ആര്യൻഖാൻ എട്ടാം തിയ്യതി മുതൽ ആർതർ റോഡ് ജയിലിലാണ്. ഇനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാം. ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകര്‍ വീണ്ടും വാദിച്ചെങ്കിലും ജാമ്യം നല്‍കാന്‍ കോടതി കൂട്ടാക്കിയില്ല. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്.
നേരത്ത ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ എന്‍സിബി കസ്റ്റഡിയില്‍ ഇനി വിടേണ്ടതില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ടെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പ്രത്യേക കോടതിയില്‍ വാദിച്ചു. ആര്യനെതിരെ തെളിവില്ല. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്കൊന്നും ആര്യനുമായി ബന്ധമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണെന്നും ആര്യന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍സിബി അറിയിച്ചു. ഇതത്തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ നടന്ന റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. 8 പേരാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലായത്. .
കോര്‍ഡീലിയ ക്രൂസ് എന്ന കപ്പലിലാണ് ലഹരി പാര്‍ട്ടി നടന്നത്. മുംബൈ തീരത്ത് കപ്പലില്‍ പാര്‍ട്ടി നടക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കയറുകയായിരുന്നു. മുംബൈയില്‍ നിന്ന് നടുക്കടലില്‍ കപ്പല്‍ എത്തിയപ്പോള്‍ പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടിക്കിടെ പരസ്യമായി ലഹരി മരുന്ന് ഉപയോഗിച്ചവരെ എന്‍ഡിബി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.