ആര്യന്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

 | 
Aryan Khan

ലഹരി മരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ആര്യന്‍ പുറത്തിറങ്ങി. ബോംബേ ഹൈക്കോടതി ആര്യന് വ്യാഴാഴ്ച ജാമ്യം നല്‍കിയിരുന്നെങ്കിലും ഇതിന്റെ രേഖകള്‍ വെള്ളിയാഴ്ച വൈകിട്ട് 5.30നും എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പുറത്തിറങ്ങുന്നത് വൈകിയത്. ആര്യനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ ജയിലില്‍ എത്തിയിരുന്നു.

ബോംബേ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ രോഹ്തഗിയാണ് ആര്യന്റെ ജാമ്യാപേക്ഷ വാദിക്കാന്‍ എത്തിയത്. ആര്യന്റെ ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടില്‍ നടി ജൂഹി ചൗള ഒപ്പിട്ടു നല്‍കിയതും വാര്‍ത്തയായിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒരു മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.

ഒക്ടോബര്‍ 2നാണ് ക്രൂസ് കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ എന്‍സിബി ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ആര്യനില്‍ നിന്ന് മയക്കുമരുന്നുകളൊന്നും പിടിച്ചെടുക്കാനായില്ലെങ്കിലും വാട്‌സാപ്പ് ചാറ്റുകളില്‍ മയക്കുമരുന്നിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്നായിരുന്നു കോടതിയില്‍ എന്‍സിബി വാദിച്ചത്.